ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി.
ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും.
ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂര്‍ മഠത്തിലും മേലുകര വെച്ചൂര്‍ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കും.
പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്രയെ ഇരുകരകളിലും മണ്‍ചിരാതുകള്‍ തെളിച്ച് സ്വീകരിക്കും. പുലര്‍ച്ച ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. ഇന്നു രാത്രി പന്പയിലൂടെ യാത്ര ചെയ്ത് നാളെ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്പോള് ഭട്ടതിരിയെയും സംഘത്തെയും ആചാരപരമായ ചടങ്ങുകളോടെ സ്വീകരിക്കും.
തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തില്‍ തിരുവോണ ദിവസം സദ്യ ഒരുക്കുന്നത്. സദ്യയ്ക്കുശേഷം പണക്കിഴിയും സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും. പന്പയെ പ്രകാശ പൂരിതമാക്കിയുള്ള യാത്രയുടെ സ്മരണയിലാണ് ഉത്തൃട്ടാതി നാളില്‍ പന്പാനദിയില്‍ പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കെത്തുന്നത്.